ആറ് മാസങ്ങൾക്ക് മുമ്പ് കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി ; ചുമരിൽ കണ്ട ആ അവസാന വരികൾ കണ്ട് വാവിട്ടുകരഞ്ഞ് അമ്മ

കടപ്പാട്
അമ്മയ്ക്കൊപ്പം ബാങ്കിൽ പോയി അവിടെ നിന്നും കാണാതായ 17കാരൻ അമൽ കൃഷ്ണന്റെ മൃതദേഹം 4 കിലോമീറ്റർ ദൂരെ അടഞ്ഞുകിടക്കുന്ന വീട്ടിൽ നിന്നും കണ്ടെത്തി. 6 മാസം മുൻപ് കാണാതാകുമ്പോൾ കൈവശമുണ്ടായിരുന്ന എടിഎം കാർഡും മൊബൈൽ ഫോണും അമലിന്റെ ഫോട്ടോകളും മൃതദേഹത്തിനൊപ്പം കണ്ടെത്തിയിട്ടുണ്ട്.

സിം കാർഡ് ഒടിച്ചു മടക്കിയതും ഫോട്ടോ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. ചുമരിൽ ഫോൺ നമ്പറും വിലാസവും അമൽ എഴുതിയതാണെന്നും ബന്ധുക്കൾ തിരിച്ചറിഞ്ഞു.

തളിക്കുളം ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപം പാടൂർ സ്വദേശിയായ പ്രവാസിയുടെ 15 വർഷത്തിലധികമായി അടഞ്ഞുകിടന്ന വീട്ടിലായിരുന്നു മൃതദേഹം. വളപ്പിലെ കാട് വെട്ടാറുണ്ടായിരുന്നുവെങ്കിലും ആറുമാസത്തിലധികം ആയി വീട്ടിൽ ആരും തന്നെ കയറിയിട്ടില്ല.

ഹോട്ടൽ നടത്തുന്നതിന് സ്ഥലം നോക്കാൻ എത്തിയ വ്യാപാരിയാണ് മൃതദേഹം കണ്ടത്. അമലിന്റെ വീട്ടിൽ നിന്നും നാലു കിലോമീറ്ററിനുള്ളിൽ ആണ് ഈ വീട്. അമൽ കൃഷ്ണന്റെ മൃതദേഹം കിടന്നിരുന്ന വീടിന്റെ ചുമരിൽ കണ്ടെത്തിയ കൈയ്യക്ഷരം അമലിന്റെതാണെന്ന് അമ്മാവൻ സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞു.

എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മിടുക്കനാണ് അമൽ കൃഷ്ണ. പഠനമികവിന് അമലിന് ലഭിച്ച പുരസ്കാരങ്ങൾ ആയിരുന്നു കഴിഞ്ഞ ആറുമാസമായി അമലിന്റെ അച്ഛനും അമ്മയ്ക്കും കൂട്ട്. പ്ലസ് വൺ ക്ലാസിനും അമൽ മികവ് തുടർന്നു.

അതിനിടയിലായിരുന്നു തിരോധാനം. ഓൺലൈൻ പെയ്മെന്റ് ആപ്പ് വഴി അമൽ പണം പിൻവലിച്ചതായി പോലീസ് കരുതുന്നുണ്ടെങ്കിലും വീട്ടുകാർക്ക് അതിന്റെ ഒരു സൂചനയും തന്നെയില്ല. ഓൺലൈൻ ക്ലാസിനും മറ്റുമായി അമ്മയുടെ ഫോണാണ് അമൽ ഉപയോഗിച്ചിരുന്നത്. അതും അമ്മയുടെ അനുവാദത്തോടെ മാത്രം. രാത്രി 9 മണിക്ക് ശേഷം അമൽ ഫോൺ ഉപയോഗിക്കാറില്ലായിരുന്നു.

അമ്മയുടെ ഫോണുമായാണ് അമലിനെ കാണാതായത്. കാണാതായ ദിവസം രാത്രി എട്ടിനാണ് ഫോൺ ഒരേ ഒരു വട്ടം ഓൺ ആയത്. ടവർ ലൊക്കേഷനിൽ തൃപ്രയാർ എന്നാണ് കണ്ടത്. ഒരു മിനിറ്റിനുശേഷം ഫോൺ വീണ്ടും ഓഫ് ആയി.

ഹോട്ടലിന് സ്ഥലം നോക്കാനായി അടഞ്ഞുകിടന്ന വീടും പറമ്പും നോക്കാൻ വന്ന ഷറഫുദ്ദീൻ ആണ് അമൽ കൃഷ്ണയുടെ മൃതദേഹം കണ്ടത്. പ്രവാസി മലയാളിയായ യൂസഫിന്റെതാണ് വീട്.

മുൻവശത്തെ വാതിൽ താക്കോൽ ഉപയോഗിച്ച് തുറക്കാൻ ശ്രമിച്ചപ്പോഴാണ് തുറന്നു കിടക്കുകയാണെന്ന് കണ്ടത്. വാതിൽ തുറക്കാൻ ആവാത്ത വിധം വാഷ്ബേസ് നീക്കിവെച്ചിരുന്നു. മൃതദേഹം കണ്ടതോടെ പോലീസിൽ അറിയിക്കുകയായിരുന്നു. മാർച്ച് 18 രാവിലെ 11:00 മണിക്ക് വീട്ടിലെ ഊഞ്ഞാലിൽ ശാന്തനായി ഇരുന്ന അമലിനെ അമ്മ ശില്പ ബാങ്കിൽ പോകാൻ വിളിക്കുന്നു.

അമലിന്റെ എടിഎം കാർഡിലെ തകരാർ പരിഹരിക്കാൻ ആയിരുന്നു ഈ യാത്ര. ആശയക്കുഴപ്പം ഒന്നുമില്ലാതെ തന്നെ അമ്മയോടൊപ്പം പോകാൻ അമൽ തയ്യാറായി. അമ്മ ബാങ്കിടപാടുകൾ കഴിഞ്ഞു പുറത്ത് വരുന്നത് വരെ പുറത്തു നിൽക്കാം എന്ന് പറഞ്ഞ അമലിനെ പിന്നീട് കാണാതാവുകയായിരുന്നു.

മകന്റെ കൈവശമുണ്ടായിരുന്ന തന്റെ ഫോണിലേക്ക് അമ്മ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് രാത്രി എട്ടുമണിയോടെ ഫോൺ ഓൺ ആയെങ്കിലും ഒരു മിനിറ്റിനു ശേഷം വീണ്ടും സ്വിച്ച് ഓഫ് ആയി. പിന്നീട് ആ മൊബൈൽ ഫോൺ ഓൺ ആയതേ ഇല്ല.
കടപ്പാട്