കാണുന്നവര്‍ക്ക് സംഗതി ഒരു ചിരിയാണ്.. പക്ഷെ.. അത് അനുഭവിച്ചവര്‍ക്കെ ആ പേടി മനസിലാകു.. പാരാസെയ്‌ലിങ് നടത്തവേ പാരച്യൂട്ടിന്റെ വടം പൊട്ടി; ദമ്പതികള്‍ ആകാശത്തുനിന്ന് കടലില്‍ പതിക്കുന്ന ദൃശങ്ങൾ വൈറൽ

പാരാസെയിലിങ്ങിനിടെ പാരച്യൂട്ട് കയർ പൊട്ടി ദമ്പതികൾ കടലിൽ വീണു. ഗുജറാത്ത് സ്വദേശി അജിത് കടാടും ഭാര്യ സരള കടാടുമാണ് അപകടത്തിൽപ്പെട്ടത്. ദിയുവിലെ നരോവ ബീച്ചിൽ ഞായറാഴ്ചയാണ് സംഭവം. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

അജിത്തിന്റെ സഹോദരൻ രാകേഷാണ് ദൃശ്യങ്ങൾ പകർത്തിയത്. പാരാസെയിലിങ്ങിനിടെ പാരച്യൂട്ടിനെ പവർ ബോട്ടുമായി ബന്ധിപ്പിക്കുന്ന കയർ പൊട്ടി.

കയർ പൊട്ടിയപ്പോൾ ദമ്പതികൾ ആകാശത്തേക്ക് ഉയർന്നു. അപകടത്തിന് മുമ്പുള്ള ബോട്ടിന്റെ അവസ്ഥ ബോട്ടിലുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഒന്നും നടന്നില്ലെന്ന് രാകേഷ് പറയുന്നു.

വൻ അപകടത്തിൽ തലനാരിഴക്കാണ് ദമ്പതികൾ രക്ഷപ്പെട്ടത്. ലൈഫ് ജാക്കറ്റ് ധരിച്ചാണ് ഇവർ രക്ഷപ്പെട്ടത്. കടലിൽ വീണ ഇവരെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. ശക്തമായ കാറ്റാണ് അപകടകാരണമെന്ന് പാംസ് അഡ്വഞ്ചർ ആൻഡ് മോട്ടോർ സ്‌പോർട്ട് ഉടമ പറഞ്ഞു.

അവധി ആഘോഷിക്കാനാണ് ദമ്പതികൾ ദിയുവിൽ എത്തിയത്. പാരാസെയിലിംഗ് സേവനദാതാക്കളുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് അജിത്തും കുടുംബവും ആരോപിച്ചു.