നടി പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് മോശം രീതിയില്‍ പ്രചരിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

സിനിമാ-സീരിയൽ നടി പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. സാഗർപൂർ സ്വദേശി ഭാഗ്യരാജി(22)നെയാണ് ഡൽഹിയിൽ നിന്ന് പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. കന്യാകുമാരി സ്വദേശി മണികണ്ഠൻ ശങ്കർ ഇതേ കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു.

എഡിജിപി മനോജ് എബ്രഹാമിന്റെ നിർദേശപ്രകാരം സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. നടിയുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ചാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്.

നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നത്. സൈബർ ക്രൈം പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ടി ശ്യാംലാൽ, ഇൻസ്പെക്ടർ എസ്പി പ്രകാശ്, എസ്ഐ ആർ മനു, പോലീസ് ഓഫീസർമാരായ വി എസ് വിനീഷ്, എ എസ് സമീർ ഖാൻ, എസ് മിനി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളെ പിടികൂടാനായതിൽ സന്തോഷമുണ്ടെന്ന് നടി പ്രവീണ പറഞ്ഞു. സമപ്രായക്കാർക്കെതിരെ ഇത്തരം നിരവധി പ്രവൃത്തികൾ നടക്കുന്നുണ്ട്.

എന്നാൽ മിക്കവരും പ്രതികരിക്കാൻ തയ്യാറായില്ല. ഇതാണ് കുറ്റവാളികളെ നയിക്കുന്നത്. ദുരിതബാധിതരായ എല്ലാവരും പരാതിയുമായി എത്തണമെന്നും അവർ ആവശ്യപ്പെട്ടു.